01/06/2026
കേരളത്തിന്റെ പൊതുസമൂഹം കോൺഗ്രസ് നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് വെറും ഭരണപരമായ കാര്യക്ഷമത മാത്രമല്ല.
ഭരണഘടനയുടെ ആത്മാവിനോടുള്ള പ്രതിബദ്ധതയും സാമൂഹിക ഉത്തരവാദിത്തവും കൂടിയാണ്.
പ്രത്യേകിച്ച് മന്ത്രിസ്ഥാനം വഹിക്കുന്നവർ നടത്തുന്ന ഓരോ കൂടിക്കാഴ്ചക്കും അതിന്റേതായ രാഷ്ട്രീയ അർത്ഥമുണ്ട്. അത് വ്യക്തിപരമായ സൗഹൃദത്തിന്റെ പരിധി വിട്ട് സമൂഹത്തോട് പറയുന്ന ഒരു നിലപാടായി മാറുന്നു.
അതുകൊണ്ടുതന്നെ ശ്രീമതി ബിന്ദു കൃഷ്ണ,
വെള്ളാപ്പള്ളി നടേശനെ അങ്ങോട്ട് പോയി സന്ദർശിച്ച് കൈകൂപ്പി അനുഗ്രഹം വാങ്ങിയ നടപടി സാധാരണ രാഷ്ട്രീയ മര്യാദയായി മാത്രം കാണാൻ കഴിയില്ല. മതേതരത്വത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഈ നീക്കം വലിയ നിരാശയും വിയോജിപ്പും ഉണ്ടാക്കിയിട്ടുണ്ട്.
ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്ന പ്രസ്താവനകൾ നടത്തിയിട്ടുള്ള, കേരളത്തിന്റെ സാമൂഹിക ഐക്യത്തെ പലവട്ടം പരസ്യമായി അവഹേളിച്ച ഒരാളുടെ അടുത്ത് ഒരു മന്ത്രി എത്തിച്ചേർന്ന് അയാളിൽനിന്ന് അനുഗ്രഹം വാങ്ങിക്കുമ്പോൾ, പൊതുസമൂഹത്തിലേക്ക് പോകുന്ന ഒരു രാഷ്ട്രീയ സന്ദേശം ഉണ്ട്. അത്തരമൊരു സന്ദേശം മതേതര വിശ്വാസത്തോടെ നിൽക്കുന്നവരിൽ ആശങ്കയും പ്രതിഷേധവും സൃഷ്ടിക്കും.
കോൺഗ്രസ് പ്രവർത്തകർ ആരുടെയും അടിമകൾ അല്ലാത്തതുകൊണ്ട് തുറന്നു വിമർശിക്കുകയും ചെയ്യും.
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം എന്നും തിരഞ്ഞെടുപ്പുകളിലോ വോട്ട്ബാങ്കിലോ മാത്രം ഒതുങ്ങിയിട്ടില്ല. ജവഹർലാൽ നെഹ്റു ഇന്ത്യയ്ക്ക് മുന്നിൽ വെച്ച മതേതര-സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായിരുന്നില്ല.
ഇന്ത്യയുടെ നിലനിൽപ്പിനുള്ള ഒരു നൈതിക അടിത്തറയായിരുന്നു.
ഭരണകൂടം മതത്തോട് അകലത്തിൽ നിൽക്കണം, ഭരണത്തിന്റെ കേന്ദ്രത്തിൽ എല്ലാ പൗരന്മാർക്കും തുല്യ അവകാശവും ബഹുമാനവും ഉറപ്പാക്കണം, സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുന്ന രാഷ്ട്രീയത്തെ നേരിടണം.
ഇതാണ് നെഹ്റുവിയൻ രാഷ്ട്രീയത്തിന്റെ ആത്മാവ്.
അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളുടെ രാഷ്ട്രീയ പെരുമാറ്റച്ചട്ടത്തിന് അധിക പ്രാധാന്യമുള്ളത്.
അധികാരത്തിലുള്ള ഒരാളുടെ ഓരോ പൊതു നീക്കവും പാർട്ടിയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. അതിൽ രാഷ്ട്രീയ സൗകര്യത്തിനുവേണ്ടി മതേതരത്വത്തിൽ വിട്ടുവീഴ്ച വരുത്തുന്ന പ്രതീതി പോലും ഉണ്ടാകരുത്. സമൂഹത്തിൽ വിഭജനവും അവിശ്വാസവും വളർത്തുന്ന ശക്തികളോട് രാഷ്ട്രീയ അടുപ്പം കാണിക്കുന്നതും അതിന് പൊതുസ്വീകാര്യത നൽകുന്നതും കോൺഗ്രസിന്റെ അടിസ്ഥാന പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്ന സമീപനമല്ല.
ഫാസിസത്തിനും വർഗീയതയ്ക്കുമെതിരെ രാജ്യത്താകെ നടക്കുന്ന പ്രതിരോധങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഇന്നും തെരുവിലുണ്ട്. അവർ വിശ്വസിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയുടെ ആത്മാവിനെയും ആണ്. ആ വിശ്വാസത്തെ സംരക്ഷിക്കേണ്ടത് മുതിർന്ന നേതാക്കളുടെ വലിയ ഉത്തരവാദിത്തമാണ്. അവരുടെ ഓരോ രാഷ്ട്രീയ നീക്കവും തീരുമാനവും സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാകണം.
ആശയക്കുഴപ്പം ഉണ്ടാക്കുന്നതാകരുത്.
കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം എന്നും വൈവിധ്യത്തെ സ്വീകരിക്കുകയും വിദ്വേഷത്തെ പ്രതിരോധിക്കുകയും ചെയ്തതാണ്. ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ട സമയത്താണ് നമ്മൾ ജീവിക്കുന്നത്.
രാഷ്ട്രീയത്തിന്റെ പേരിൽ സാമൂഹിക വിഭജനത്തെ സാധൂകരിക്കാൻ ഇടയാകുന്ന സന്ദേശങ്ങൾ ഒഴിവാക്കുകയും, മതേതര ഇന്ത്യയെന്ന ആശയത്തെ കൂടുതൽ ഉറച്ച ശബ്ദത്തിൽ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഇന്ന് കൂടുതൽ വലുതാണ്.
അധികാരം താൽക്കാലികമാണ്.
പക്ഷേ ഒരു നേതാവ് സമൂഹത്തിന് നൽകുന്ന രാഷ്ട്രീയ സന്ദേശങ്ങളും അവർ സംരക്ഷിക്കുന്ന മൂല്യങ്ങളും തന്നെയാണ് ചരിത്രം ഓർക്കുന്നത്.
Tara Tojo Alex